Sunday, 19 July 2020

ബന്ദേ നവാസ്(റ); ഗുല്‍ബര്‍ഗയുടെ ആത്മീയ തേജസ്സ്

ഗുല്‍ബര്‍ഗില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനാണ് ബന്ദേനവാസ് മുഹമ്മദ് ഗൈസുദറാസ്  ഔലിയ. തിരുനബി(സ) തങ്ങളുടെ പേരക്കുട്ടി ഹുസൈന്‍(റ)വിന്റെ സന്താന പരമ്പരയില്‍ ഹിജ്‌റ 721ല്‍ റജബ് മാസത്തില്‍ ഡല്‍ഹിയിലാണ് ജനനം. ഡല്‍ഹി ഹസ്രത്ത് നിസാമുദ്ധീന്‍ ഔലിയയുടെ സമകാലികനായിരുന്നു.

ആദ്യമുടി കളയല്‍ കര്‍മ്മത്തിനു ശേഷം പിതാവ് ബന്ദേനവാസിനെ നിസാമുദ്ധീന്‍ ചിശ്തിയുടെ അടുക്കല്‍ കൊണ്ടുപോവുകയും മഹാനവര്‍കള്‍ തലയില്‍ കൈവെച്ച് ആശീര്‍വദിക്കുകയും ചെയ്തു. ചിശ്തിയുടെ കൈ സ്പര്‍ശിച്ചതിന്റെ ആദര സൂചകമായി പിന്നീട് മുടികളൊന്നും കളഞ്ഞില്ല. മഹാനവര്‍കള്‍ യുവാവായപ്പോള്‍ അത്ഭുതപ്പെടുത്തും വിധം ആ മുടി വളര്‍ന്നിരുന്നു. ചിശ്തിയുടെ സ്പര്‍ശനത്തിലൂടെ ആത്മീയ പ്രയോജനങ്ങള്‍ മുടി വളര്‍ത്തലിലൂടെ തനിക്കുണ്ടായെന്ന് മഹാനവര്‍കള്‍ പറയാറുണ്ടായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍ നിന്നായിരുന്നു. വളരെ ബുദ്ധി കൂര്‍മ്മതയുള്ള മഹാനവര്‍കള്‍ ഏഴാം വയസ്സില്‍ തന്നെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. പത്താം വയസ്സില്‍ പിതാവ് വഫാത്തായതോടെ മാതാമഹന്റെ കീഴിലായിരുന്നു പഠനം. ഫിഖ്ഹ്, ഹദീസ്, തഫ്‌സീര്‍ വിഷയങ്ങളില്‍ വളരെ തല്‍പരനായിരുന്നു മഹാനവര്‍കള്‍.

വിജ്ഞാനത്തിലും, ഇബാദത്തിലും, ദീനീ പ്രബോധനത്തിലുമായി വര്‍ഷങ്ങളോളം ദല്‍ഹിയില്‍ തന്നെ കഴിഞ്ഞുകൂടിയ മഹാനവര്‍കള്‍ നീണ്ടകാലതാമസത്തിനൊടുവില്‍ മധ്യപ്രദേശിലെ ഗ്വാളിയാറിലേക്ക് യാത്രപോവുകയും അവിടെ നിന്ന് ഗുജറാത്തിലെ ദൗലത്താബാദിലെത്തി. അവിടെ നിന്നാണ് ഗുല്‍ബര്‍ഗയിലെത്തുന്നത്. ഇഹ്‌സാനാബാദ് എന്നായിരുന്നു ഗുര്‍ബര്‍ഗയുടെ അന്നത്തെ നാമം. ഗുല്‍ബര്‍ഗയില്‍ ആത്മീയ ബോധ്യത്തിലൂന്നിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മഹാനവര്‍കളുടെ ഇടപെടലിലൂടെ സാധ്യമായി. അവിടെ നിന്നും യാത്ര പുനരാരംഭിച്ച മഹാനവര്‍കള്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, തഞ്ചാവൂര്‍, മധുര, കായല്‍ പട്ടണം, തേങ്ങപട്ടണം, കന്യാകുമാരി എന്നീ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനകള്‍ക്കും ധ്യാനത്തിനുമായി കഴിഞ്ഞുകൂടി. ശേഷം ഹജ്ജ് നിര്‍വ്വഹണത്തിന് മക്കയിലേക്കും സിയാറത്തിന് മദീനയിലേക്കും പോയി ഗുല്‍ബര്‍ഗയിലേക്കാണ് തിരിച്ചെത്തിയത്.

ബന്ദേനവാസ് മുഹമ്മദ് ഔലിയയുടെ ആത്മീയ ഗുരുവായിരുന്നു നസീറുദ്ധീന്‍ ചിറാക് ദഹ്ലവി(റ). ഒരുദിവസം മഹാനവര്‍കള്‍ ഖുത്ബുദ്ധീന്‍ ബക്തിയാര്‍ കാക്കി(റ)വിന്റെ മഖ്ബറയിലേക്ക് ബന്ദേ നവാസിനെ കൊണ്ടുപോയി. അവിടെവെച്ച് ഖിളര്‍നബിയെ കാണുകയും അവിടുന്ന് ഖിളര്‍നബി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉരുവിടുകയും ചെയ്തുവെന്നാണ് ചരിത്രം. ഖിളര്‍ നബിയാണത്ര ബന്ദേ നവാസ് എന്ന സ്ഥാനപ്പേരു നല്‍കിയത്.

'ഗൈസുദറാസ്' എന്ന പേരിലും ബന്ദേനവാസ് മുഹമ്മദ് ഔലിയ അറിയപ്പെട്ടിരുന്നു. തന്റെ ശിഷ്യന്റെ ജീവിത ചിട്ടയിലും സല്‍സ്വഭാവത്തിലും സ്‌നേഹം കൊണ്ട ഗുരു ചിറാഗ് ദഹ്ലവിയാണ് ഗൈസുദറാസ് എന്ന പേരിട്ടത്.

ഹിജ്‌റ 825 ദുല്‍ഖഅദ് മാസത്തിലായിരുന്നു ബന്ദേനവാസ്(റ)വിന്റെ വഫാത്ത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലാണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ജാതി മത ഭേദ്യമന്യേ അനേകമാളുകളുടെ അഭയ കേന്ദ്രവും കൂടിയാണ് ബന്ദേനവാസ് മഖാം.


SHARE THIS

Author:

0 التعليقات: