അസം വെള്ളപ്പൊക്കം: മരണം 107; സംസ്ഥാനത്ത് 290 ദുരിതാശ്വാസ ക്യാമ്പുകള്‍

അസം:അസം വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 107 ആയി. 81 പേരാണ് പ്രളയത്തില്‍ മരണപ്പെട്ടത്. 26 പേരുടെ മരണം മണ്ണിടിച്ചിലില്‍ പെട്ടായിരുന്നു. 290 ക്യാമ്പുകളാണ് സംസ്ഥാനത്ത് സജീകരിച്ചിരിക്കുന്നത്. 47,465 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി. 36 ലക്ഷം പേരെ പ്രളയം ബാധിച്ചു എന്നാണ് അസം ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്.

സംസ്ഥാനത്തെ 33 ജില്ലകളില്‍ 26 ജില്ലകളും പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി റോഡുകളും വീടുകളും വിളകളും പാലങ്ങളുമൊക്കെ നശിച്ചു. കാസിരംഗ ദേശീയോദ്യാനത്തിലെ നൂറോളം വന്യ ജീവികളും വെള്ളപ്പൊക്കത്തില്‍ കൊല്ലപ്പെട്ടു എന്ന് വനംവകുപ്പ് അറിയിക്കുന്നു. ഇതില്‍ 9 കാണ്ടാമൃഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കാസിരംഗയുടെ 85 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്. ജീവികളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 136 പേരെ രക്ഷപ്പെടുത്തുകയും 111 മൃഗങ്ങളെ കാട്ടിലേക്ക് തുറന്നു വിട്ടതായും അധികൃതര്‍ പറയുന്നു.

കാസിരംഗയില്‍ പ്രളയം പതിവാണ്. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ ഏറ്റവും വലിയ വാസ സ്ഥലമായ കാസിരംഗയില്‍ 2400 കാണ്ടാമൃഗങ്ങളും 121 കടുവകളും ഉണ്ട്. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 18 കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പെടെ 200 മൃഗങ്ങളാണ് ഇവിടെ കൊല്ലപ്പെട്ടത്.

ഇതിനിടെ, ചൈനയിലും പ്രളയക്കെടുതി തുടരുകയാണ്. പ്രളയത്തില്‍ കൊവിഡ് പ്രഭവകേന്ദ്രമായിരുന്ന വുഹാന്‍ അടക്കം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കൊവിഡ് ഉറവിടത്തെപ്പറ്റി പഠിക്കാന്‍ ലോകാരോഗ്യ സംഘടയുടെ പ്രത്യേക സംഘം എത്താനിരിക്കെയാണ് പ്രളയം ഉണ്ടായത്. 141 പേര്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. രാജ്യത്ത് പലയിടങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍