സഊദിയില്‍ കൊവിഡ് ബാധിച്ച് നാല് മലയാളികള്‍ മരിച്ചു


ദമാം: സഊദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം, കണ്ണൂര്‍, കൊല്ലം സ്വദേശികള്‍ ദമാം, ഹായില്‍, യാമ്പു, ജിദ്ദ എന്നിവിടങ്ങളിലാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മാങ്ങാട്ടുപറമ്പന്‍ അബ്ദുല്‍ ജലീല്‍ (38) ദമാമിലും കണ്ണൂര്‍ തില്ലങ്കേരി പുള്ളിപ്പോയില്‍ സ്വദേശി ആറളം കളരികാട് അനീസ് മന്‍സിലില്‍ കേളോത്ത് ഖാസിം (52) ഹായിലിലും കൊല്ലം പുനലൂര്‍ കാര്യറ തൂമ്പറ വട്ടയത്ത് ശാഹുല്‍ ഹമീദ് റാവുത്തര്‍- ഫാത്വിമ ബീവി ദമ്പതികളുടെ മകന്‍ അമീര്‍ ഖാന്‍ (45) യാമ്പുവിലും മലപ്പുറം വേങ്ങര പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ സ്വദേശി അരീക്കുളങ്ങര അശ്റഫ് (42) ജിദ്ദയിലുമാണ് മരിച്ചത്.

കടുത്ത പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അബ്ദുല്‍ ജലീലിനെ ദമാമിലെ സഊദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച മരണം സംഭവിച്ചു. ദമാമിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഖമറുലൈല, മക്കള്‍: മുഹമ്മദ് ഫഹീം, മന്‍ഹ, അയ്മന്‍.

ഹായിലിലെ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയവെയാണ് ഖാസിം മരിച്ചത്. 25 വര്‍ഷമായി ഹായിലില്‍ പ്രവാസിയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം ഹായിലില്‍ നടക്കും. ഭാര്യ: സുഹറ മംഗലോടന്‍, മക്കള്‍: അനീറ, സുനീറ, അനീസ്, മരുമക്കള്‍: ജലീല്‍, റിയാസ്, സഹോദരങ്ങള്‍: ഉച്ചൂട്ടി, ഹംസ, ഹമീദ്, സുബൈദ, സഫിയ, റുഖിയ, ബീവി നസീമ, പരേതനായ മമ്മദ്.

ഒരാഴ്ച മുമ്പാണ് കൊല്ലം സ്വദേശി അമീര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു മരണം. യാമ്പുവിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷംല, മക്കള്‍: ഷംസിയ, അല്‍ സാമില്‍, സഹല്‍ മുഹമ്മദ്, മൂന്ന് ദിവസം പ്രായമുള്ള ഒരു മകനുമുണ്ട്. സഹോദരങ്ങള്‍: സൈന്‍ റാവുത്തര്‍, ശരീഫ് റാവുത്തര്‍, അബ്ബാസ് റാവുത്തര്‍ (യാമ്പു), ആമിന ബീവി, സബീല ബീവി, റശീദ ബീവി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം യാമ്പുവില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ജിദ്ദയിലെ ബനീ മാലിക്കില്‍ താമസ സ്ഥലത്ത് വെച്ചാണ് അശ്റഫ് മരണപെട്ടത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ഹാജറ, മക്കള്‍: അനസ് മാലിക്, അന്‍ശിദ, അര്‍ശദ്. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍