Friday, 24 July 2020

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷത്തിലേക്ക്



ന്യൂഡല്‍ഹി : ഇന്ത്യയിലെ കൊവിഡ് കേസുകള്‍ റെക്കോര്‍ഡ് വേഗതയില്‍ കുതിക്കുന്നു. 24 മണിക്കൂറിനിടെ 49310 കേസുകളും 740 മരണവും രാജ്യത്തുണ്ടായി. ആദ്യമായാണ് മരണത്തിലും കൊവിഡ് നിരക്കിലും ഇത്ര വലിയ വര്‍ധനയുണ്ടാകുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനത്തിന് തീവ്രവേഗത കൈവരിച്ചതാണ് ഈ വര്‍ധനക്ക് കാരണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വൈറസ് മൂലം 12,87,945 രോഗികളും 30601 മരണവും രാജ്യത്ത് ഇതിനകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. രാജ്യത്തെ രോഗ്മുക്തി നിരക്ക് 63.45 ശതമാനമായി ഉയര്‍ന്നത് ആശങ്കകള്‍ക്കിടയില്‍ നേരിയ പ്രതീക്ഷയേകുന്നതാണ്. 817,29 പേര്‍ ഇതിനകം വൈറസില്‍ നിന്ന് മോചിതരായി.

മഹാരാഷ്ട്രയുടെ സ്ഥതി അതി ഭയാനകമായ അവസ്ഥയിലേക്ക് കടക്കുകയാണ്. ഒരും ദിവസം മാത്രം ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ പതിനായിരത്തിന് അടുത്തെത്തിയിട്ടുണ്ട്. ഇന്നലെ 298 മരണവും 9895 കേസുമാണ് സംസ്ഥാനത്തുണ്ടായത്. ഇതിനകം 12854 മരണവും 347502 കേസുകളും സംസ്ഥാനത്തുണ്ടായി. മഹാരാഷ്ട്രയിലെ രോഗികളില്‍ പകുതിയില്‍ ഏറെയും മുംബൈയിലാണ്. കൊവിഡ് വ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 192964 കേസും 3232 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6472 കേസും 88 മരണവുമുണ്ടായി.
ഓരോ ദിവസങ്ങളിലും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ എടുത്താല്‍ വലിയ അപകടാവസ്ഥയിലേക്ക് വരുന്ന രണ്ട് സംസ്ഥാനങ്ങളാണ് ആന്ധ്രപ്രദേശും കര്‍ണാടകയും. ഇന്നലെ ആന്ധ്രയില്‍ 7998 കേസും 61 മരണവും കര്‍ണാടകയില്‍ 5030 കേസും 97 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 80863 കേസും 1616 മരണവും ആന്ധ്രയില്‍ 72711 കേസും 884 മരണവും ഇതിനകം ഉണ്ടായിട്ടുണ്ട്.


കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 127364 കേസും 3745 മരണവും ഉണ്ടായിട്ടുണ്ട്. ഗുജറാത്തില്‍ 2252, ഉത്തര്‍പ്പദേശില്‍ 1289, ബംഗാല്‍ 1255, മധ്യപ്രദേശില്‍ 780 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.




SHARE THIS

Author:

0 التعليقات: