Friday, 24 July 2020

ഐ പി എല്‍. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ട് വരെ യു എ ഇയില്‍



ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐ പി എല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) സെപ്തംബര്‍ 19ന് യു എ ഇയില്‍ ആരംഭിക്കുമെന്ന് ഐ പി എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. അടുത്ത ആഴ്ച ചേരുന്ന ഐ പി എല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗമാവും മത്സരക്രമവും തീയതികളും സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. 51 ദിവസത്തെ ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ഉണ്ടാകുക. ഒരുക്കങ്ങള്‍ക്കായി ടീമുകള്‍ ആഗസ്റ്റ് 20ന് യു എ ഇയിലേക്ക് പോകുമെന്നാണ് വിവരം. നവംബര്‍ എട്ടിനാണ് ഫൈനല്‍.

സെപ്റ്റംബര്‍ 26ന് ഐ പി എല്‍ തുടങ്ങുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഡിസംബറില്‍ ആസ്‌ത്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് മതിയായ വിശ്രമം അനുവദിക്കാനായി ടൂര്‍ണമെന്റ് ഒരാഴ്ച നേരത്തേയാക്കാന്‍ ബി സി സി ഐ തീരുമാനിക്കുകയായിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എന്തൊക്കെ മുന്‍കരുതലുകളോടെയാണ് ടൂര്‍ണമെന്റ് നടത്തേണ്ടതെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി യു എ ഇ ക്രിക്കറ്റ് ബോര്‍ഡിന് കത്ത് നല്‍കുമെന്നും പട്ടേല്‍ അറിയിച്ചു. ടൂര്‍ണമെന്റ് നടത്തിപ്പിന്റെ വിശദാംശങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകും. മത്സരങ്ങള്‍ക്ക് ആരാധകരെ അനുവദിക്കുമോ എന്ന കാര്യം യു എ ഇ സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. അന്തിമ തീരുമാനം യു എ ഇ സര്‍ക്കാരിന്റേതായിരിക്കും – പട്ടേല്‍ വിശദീകരിച്ചു.

ദുബൈ രാജ്യാന്തര സ്‌റ്റേഡിയം, ഷെയ്ഖ് സയിദ് സ്‌റ്റേഡിയം (അബൂദബി), ഷാര്‍ജ സ്‌റ്റേഡിയം എന്നിവയാണ് ഐ പി എല്ലിന് വേദിയാകുക. ഐ സി സി അക്കാദമിയുടെ മൈതാനങ്ങള്‍ പരിശീലന ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കുന്ന കാര്യവും ബി സി സി ഐ പരിഗണിക്കുന്നുണ്ട്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 29ന് ആരംഭിക്കേണ്ട ഐ പി എല്‍ ആദ്യം ഏപ്രില്‍ 15വരെ നീട്ടിവെച്ചത്.  പിന്നീട് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബര്‍നവംബര്‍ മാസങ്ങളിലായി      ആസ്‌ത്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐ സി സി തീരുമാനം വൈകിയതും ബി
 സി സി ഐ തീരുമാനം നീളാന്‍ കാരണമായി.

നേരത്തെ ഇന്ത്യയില്‍ തന്നെ ഒന്നോ രണ്ടോ വേദികളില്‍ മാത്രമായി ഐ പി എല്‍ നടത്തുന്ന കാര്യം ബി സി സി ഐ പരിഗണിച്ചിരുന്നു. അഹമ്മദാബാദും ധരംശാലയുമായിരുന്നു  വേദികളായി പരിഗണിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത ഇല്ലാത്ത പശ്ചാത്തലത്തിലാണ് യു എ ഇക്ക് വീണ്ടും വേദിയാകുന്നത്.





SHARE THIS

Author:

0 التعليقات: