സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി; ആത്മീയ ജ്ഞാന വഴിയിലെ വിളക്കുമാടം പൊസോട്ട് തങ്ങള്‍ എന്ന നാമത്തില്‍ വിശ്രുതനായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ വിയോഗത്തിന് ഇന്നേക്ക് അഞ്ചാണ്ട്. 2015 ദുല്‍ഹിജ്ജ 12ന്   വിടചൊല്ലിയ പ്രോജ്വലമായ ആ വ്യക്തിത്വത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും മേളിച്ച മഞ്ചേശ്വരം  മള്ഹറില്‍ ഇന്ന് (ആഗസ്റ്റ് 2ന്)  ഉറൂസ് മുബാറക് നടക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആത്മീയ സംഗമത്തോടെയാണ് പരിപാടികള്‍..
       വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ പിന്നാക്കത്തിന്റെ കഥകള്‍ മാത്രം പറയാനുള്ള കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് ഉണര്‍വിന്റെയും ആത്മധൈര്യത്തിന്റെയും പ്രഭവ കേന്ദ്രമാണ്  മഞ്ചേശ്വരം ബുഖാരി കോമ്പൗണ്ടിലെ മള്ഹറുന്നൂരില്‍ ഇസ്ലാമിത്തഅ്‌ലീമി.  ഒരു വ്യാഴവട്ടം കൊണ്ട് അത്ഭുതങ്ങളുടെ കവാടം ഒന്നൊന്നായി തുറന്ന് തന്നാണ്  മഹാനായ തങ്ങള്‍ നാഥനിലേക്ക് യാത്രയായത്.
      വിശുദ്ധ പ്രവാചക കുടുംബവഴിയില്‍ പ്രസിദ്ധമായ  ബുഖാരി ഖബീലയിലാണ് പൊസോട്ട് തങ്ങളുടെ ജനനം. ഇല്‍മിന്റെ ഉന്നതങ്ങള്‍ ചെറുപ്രായത്തില്‍തന്നെ നുകരാന്‍ അവസരം. നിരവധി സംഘടനകളുടെയും  സ്ഥാപനങ്ങളുടെയും സാരഥ്യം. അനേകം മഹല്ലുകളുടെ ഖാളി. ആയിരങ്ങള്‍ക്ക് ആശ്വാസമേകി ആത്മീയ  ചികിത്സ. ഏറെ തിരക്കാര്‍ന്നതായിരുന്നു ശൈഖുനാ തങ്ങളുടെ ഹൃസ്വ ജീവിതം.  
    സയ്യിദ് അഹ്്മദുല്‍ ബുഖാരി  തങ്ങളുടെ  മൂത്ത മകനായി ജനിച്ച ഉമറുല്‍ ഫാറൂഖ് തങ്ങളുടെ  ഓര്‍മ്മ വെച്ചനാള്‍ മുതല്‍   നിഴലായി പിതാവ് കൂടെയുണ്ടായിരുന്നു. വാപ്പയെന്ന സ്‌നേഹത്തിനു പുറമെ പ്രഥമഗുരുവും ജീവിതത്തിന്റെ ലയവും താളവും എല്ലാം പിതാവായിരുന്നു.  പിതാവില്‍ നിന്നാണ് ഇല്‍മിന്റെ ആദ്യപാഠങ്ങള്‍ നുകര്‍ന്നത്. മൂന്നര വയസുമുതല്‍ തന്നെ  വാപ്പ ചെറിയ കാര്യങ്ങളെല്ലാം പഠിപ്പിച്ചുതുടങ്ങി.  കരുവന്‍തുരുത്തി മദ്രസയിലായിരുന്നു പ്രാഥമിക പഠനം തുടങ്ങിയത്.  അല്‍ഫിയയുടെ 200 ബൈത്തും ഫത്ഹുല്‍ മുഈന്‍  സ്വലാത്തുല്‍ ജമാഅത്ത് വരെയും വാപ്പയില്‍ നിന്നാണ് ഓതിയത്. പിന്നീട് ദര്‍സില്‍ ചേര്‍ത്തു. എട്ടാം വയസില്‍ തന്നെ വാപ്പയില്‍ നിന്ന് ഓതാന്‍ തുടങ്ങിയിരുന്നു. 1987 ല്‍ റബീഉല്‍ അവ്വലില്‍ തങ്ങള്‍ക്ക്  27 വയസുള്ളപ്പോഴാണ് വാപ്പ വഫാത്താകുന്നത്.
        പിതാവ്  ഏറെ സ്‌നേഹം ചൊരിഞ്ഞിരുന്ന സൂഫിയായ പണ്ഡിതശ്രേഷ്ഠന്‍ ബീരാന്‍ കോയ മുസ്ലിയാരുടെ കോടമ്പുഴയിലെ ദര്‍സിലാണ് തുടര്‍പഠനം. പതിനൊന്നാം വയസില്‍ തുടങ്ങിയ   കോടാമ്പുഴയിലെ ദര്‍സ് ജീവിതം എട്ടുവര്‍ഷത്തിലേറെ നീണ്ടുനിന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിന് പകരം അവരെ ശരിക്കും മാതൃകാജീവിതത്തിന് പാകപ്പെടുത്തുകയായിരുന്നു ഉസ്താദ്. ശൈഖുനാ ഒ.കെ ഉസ്താദിന്റെ ശിഷ്യനായിരുന്നു ബീരാന്‍കോയ ഉസ്താദ്.
        വെല്ലൂരിലെ ഉനനത ബിരുദ ശേഷം പടിക്കോട്ടുംപടിയില്‍ ഒരുവര്‍ഷം ദര്‍സ് നടത്തി. പിന്നീട് ആക്കോട്ട് ഒരുവര്‍ഷവും. അതിനിടയിലാണ് താജുല്‍ ഉലമ ഖാസിയായ പൊസോട്ട് ദര്‍സിലേക്ക്  വരാന്‍ വേണ്ടി വിളിക്കുന്നത്. വീട്ടില്‍നിന്ന് ഏറെ ദൂരെയായതിനാല്‍ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതിരുന്നിട്ടും താജുല്‍ഉലമയുടെ നിര്‍ദേശം സ്വീകരിച്ചു. നീണ്ട പന്ത്രണ്ടുവര്‍ഷം പൊസോട്ട് സേവനം ചെയ്തു.
     ആത്മീയ ചികിത്സയും മറ്റുമായി  സന്ദര്‍ശകരുടെ ബാഹുല്യം തങ്ങളെ  ശരിക്കും തളര്‍ത്തിയിരുന്നു. ദര്‍സ് ഒരു നിലക്കും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് മനസ്സ് തീര്‍ത്തുപറഞ്ഞപ്പോള്‍  ഉസ്താദിന്റെ ഗുരുവും  ആത്മീയമായി ജദ്ദിന്റെ സ്ഥാനത്തുമുള്ള ഒ.കെ. ഉസ്താദിന്റെ മുമ്പില്‍  സങ്കടമെല്ലാം തുറന്നുപറഞ്ഞു. ഒ.കെ. ഉസ്താദിന്റെ മറുപടി പെട്ടെന്നായിരുന്നു. 'രാജിവെക്കുക... സ്ഥാപനം ഉണ്ടാക്കുക..' ദര്‍സിനുതന്നെ സമയം കിട്ടാത്ത താാനെങ്ങനെ സ്ഥാപനം നടത്തും.  ജനസമ്പര്‍ക്കം തീരെ ഇല്ലാത്ത താാനെങ്ങനെ ഒരു സ്ഥാപനവുമായി ജനങ്ങളെ സമീപിക്കും. തങ്ങള്‍ ആശങ്കയറിയിച്ചു.
    ഒ.കെ ഉസ്താദ് തന്റെ സ്ഥാപനമായ ഒതുക്കുങ്ങല്‍ ഇഹ്യാഉസ്സുന്നയുടെ അനുഭവം പറഞ്ഞു. ഇവിടെ ഞാന്‍ ആരോടും അധികം ബന്ധപ്പെടുന്നില്ലല്ലോ. എന്നിട്ടും   ഭക്ഷണത്തിനോ ശമ്പളത്തിനോ ഒരു മുടക്കവുമില്ല മാസം കഴിയുമ്പോള്‍ മിച്ചമാണുണ്ടാകുന്നത്.  തങ്ങളെ അല്ലാഹു ബുദ്ധിമുട്ടിക്കില്ല.    ഉസ്താദിന്റെ വാക്കുകള്‍ കരുത്തായി.  മള്ഹറിന്റെ എളിയ തുടക്കം അങ്ങനെയാണ്.
     2000 ല്‍ താജുല്‍ ഉലമ തന്നെയാണ് ഫത്ഹുല്‍ മുഈന്‍ ഓതിക്കൊടുത്ത് മള്ഹറില്‍ ദര്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.     പിന്നീടങ്ങോട്ട് ഒ.കെ. ഉസ്താദ്, താജുല്‍ ഉലമ തുടങ്ങിയ മഹാരഥ•ാരുടെ പുണ്യവും പ്രവര്‍ത്തകരുടെയും പരിസരവാസികളുടെയും നിസ്സീമമായ സഹകരണവും സര്‍വോപരി റബ്ബിന്റെ അപാരമായ അനുഗ്രഹവും വഴി സ്ഥാപനം വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി.
       അതു വരെ പൊതു രംഗത്ത് അത്ര സജീവമല്ലായിരുന്ന തങ്ങള്‍ 2001 ല്‍ എസ്.വൈ.എസിന്റെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സ്ഥാനം സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഏറ്റെടുത്തതോടെ പ്രസ്ഥാനത്തിനു കൂടി ആ നേതൃമഹിമയുടെ കരുത്ത് ലഭിച്ചു.   മൂന്നു ടേമുകളിലായി ഒമ്പതു വര്‍ഷം ആ സ്ഥാനത്തു തുടര്‍ന്ന തങ്ങള്‍  2010 ല്‍ സംസ്ഥാന ഉപാധ്യക്ഷപദവിയും പിന്നീട് ട്രഷപദവിയും വഹിച്ചു.  സമസ്തയുടെ ജില്ലാ ജനറല്‍  സെക്രട്ടറി, പ്രസിഡന്റ്  പദവിയും കേന്ദ്ര മുശാവറാംഗത്വവും ഏറ്റെടുത്തു പ്രസ്ഥാനത്തിന് ശക്തി പകര്‍ന്നു.
     ജില്ലാ സുന്നി സംയുക്ത ജമാഅത്ത് ഖാസിയെന്ന നിലയില്‍   മഹസ്സുകളില്‍ രഞ്ജിപ്പും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിലും സാമൂഹിക തി•കള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നതിലും  പൊസോട്ട് തങ്ങള്‍ ചെയ്ത സേവനം ഏറെ വലുതായിരുന്നു.  

     ആത്മീയ ചികിത്സ പ്രവാചക പാരമ്പര്യമാണ്. മറ്റു ആധുനിക ചികിത്സകളേയോ മരുന്നിനേയോ ഇത് നിരാകരിക്കുന്നില്ല. അറിഞ്ഞ് കൈകാര്യം ചെയ്താല്‍ അത്ഭുതഫലങ്ങളുണ്ടാവും.  പിതാവ് അറിയപ്പെട്ട  ചികിത്സകനായിരുന്നു. പിതാവിന്റെ നിഴലായി ചെറുപ്പത്തില്‍ തന്നെയുണ്ടായിരുന്ന തങ്ങള്‍  ആശ്വാസം തേടിയെത്തുന്നവരുടെ സങ്കടങ്ങള്‍ കാണ്ടപ്പോള്‍ ആത്മീയ മേഖലയില്‍ കൂടുതല്‍ സ്രദ്ധയൂന്നി.
     ഒരു നിലക്ക് മള്ഹറിന്റെ തുടക്കവും പിന്നീടുള്ള വളര്‍ച്ചയും ഇവിടുത്തെ ആത്മീയ ചികിത്സ മൂലം സൗഖ്യം ലഭിച്ച മുഅ്മിനീങ്ങളുടെ സംഭാവന കൊണ്ടാണെന്നതും എടുത്ത് പറയേണ്ടാതാണ്. ജനങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും തീര്‍ത്തു കൊടുക്കുന്നതിനേക്കാള്‍ വലിയ ജനസേവനം മറ്റെന്താണുള്ളത്. അവരുടെ ആശ്വാസ പ്രാര്‍ത്ഥനകളാണ് മള്ഹറിന്റെ കൈമുതല്‍. ഇന്ന് മകന്‍ സയ്യിദ്  ശഹീര്‍ ബുഖാരി തങ്ങളിലൂടെ ആ പാരമ്പര്യം മള്ഹറില്‍ തുടരുന്നു.  
 
        മത-ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന മഹത്തായലക്ഷ്യത്തോടെ കേരളത്തിന്റെയും കര്‍ണാടകയുടെയം ഇസ്ലാമിക ചരിത്രത്തില്‍ ഗണ്യമായൊരിടം നേടാന്‍ പൊസോട്ട് തങ്ങളിലൂടെ മള്ഹര്‍  സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ അനുജനും അന്താരാഷ്ട്ര വേദികളിലെ  കേരള മുസിലിം ശബ്ദവുമായ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങളുടെ മഹനീയ നേതൃത്വം മള്ഹറിന് ഇന്ന് കരുത്ത് പകരുന്നു.
     ആത്മീയവും സാമൂഹികവും സാംസ്‌കാരികവുമായ സമുദ്ധാരണവും വൈജ്ഞാനിക മുന്നേറ്റവുമാണ് മള്ഹര്‍ ലക്ഷ്യമാക്കുന്നത്. പണ്ഡിതമഹത്തുക്കളുടെ നേതൃത്വത്തില്‍ സമൂഹത്തിന്റെ പൂര്‍ണ പിന്തുണയോടെ വളരുന്ന സ്ഥാപനം നൂറുകണക്കിനു കുടുംബങ്ങളുടെ അത്താണിയും  പ്രതീക്ഷയുമായി മാറിയിരിക്കുകയാണ്.     നിലവില്‍ സ്ഥാപനത്തിനു കീഴില്‍ ദര്‍സ്, മദ്രസ, മോഡല്‍ അക്കാദമി, കോളേജ് ഓഫ് കൊമേഴ്‌സ്,  ദഅ്വ കോളേജ്, വിണണ്‍സ് കേളോജ്,  എന്‍.സി.പി.യു.എല്‍. സ്റ്റഡി സെന്റര്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് എന്നീ സ്ഥാപനങ്ങളും റിലീഫ്, ദഅ്വാ സെല്‍, അനാഥ-അഗതി സംരക്ഷണം തുടങ്ങിയ സംരംഭങ്ങളും പ്രവര്‍ത്തിച്ചുവരുന്നു.
  ബുഖാരി കോമ്പൗണ്ടിനകത്ത് കാണുന്ന സ്ഥാപനങ്ങള്‍ മാത്രമല്ല ഇന്ന് മള്ഹറിനു കീഴിലുള്ളത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികളും മദ്രസകളും സ്ഥാപനം ഏറ്റെടുത്തു നടത്തുന്നു. കര്‍ണാടകയില്‍ മള്ഹര്‍ മോറല്‍ അക്കാദമി വളര്‍ച്ചയുടെ വഴിയിലാണ്.
       ഒരു വിദ്യാഭ്യാസ സമുച്ഛയം എന്നതിനു പുറമെ നാടിന്റെ ആത്മീയാഭിവൃദ്ധിയും മള്ഹറിന്റെ ലക്ഷ്യമാണ്. മാസംതോറും ഇവിടെ നടക്കുന്ന സ്വലാത്ത് ഹല്‍ഖകള്‍ ആയിരങ്ങള്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്. സ്വലാത്തിന്റെ ധന്യമജ്‌ലിസില്‍ മനമുരുകിയുള്ള പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ വരുന്നവരേറെയാണ്.   റമളാന്‍, റബീഉല്‍ അവ്വല്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ പ്രത്യേക ആത്മീയവേദികളും ഉത്‌ബോധനങ്ങളും സംഘടിപ്പിച്ചുവരുന്നു.
     തന്റെ ജീവിതം നല്‍കി പടുത്തുയര്‍ത്തിയ മള്ഹറിന്റെ ചാരെ തന്നെ അന്ത്യ വിശ്രമത്തിനും അല്ലാഹു പൊസോട്ട് തങ്ങള്‍ക്ക് അവസരം നല്‍കി. ഒരു നിലക്ക് തങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഈ നാട്ടുകാരുടെ സൗഭാഗ്യമാണിത്.  കാസര്‍കോട് മംഗലാപുരം ദേശീയപാതയില്‍ ഹോസങ്കടിക്കും പൊസോട്ടിനുമിടയില്‍ ബുഖാരി കൊമ്പൗണ്ടിലുള്ള തങ്ങളുടെ മഖാമില്‍ ദിനേന ആയിരങ്ങളാണ് എത്തിച്ചേരുന്നത്.
 ഓരോ വര്‍ഷവും ദുല്‍ഹിജ്ജയില്‍ നടക്കുന്ന ഉറൂസ് വലിയ ആത്മീയ കൂട്ടായ്മയാണ്.  


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍