Latest News :
Latest Post

രേഖകളില്ലാതെ മണല്‍ കടത്ത്: ഡ്രൈവര്‍ അറസ്റ്റില്‍

Written By Muhimmath News on Thursday, 26 May 2016 | 17:45

കാസര്‍കോട്: മതിയായ രേഖകളില്ലാതെ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടി. ഡ്രൈവറെ അറസ്റ്റുചെയ്തു. ടിപ്പര്‍ ഡ്രൈവര്‍ മൊഗ്രാലിലെ മുഹമ്മദ്കുഞ്ഞി(45)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കറന്തക്കാട്ടുവെച്ച് കാസര്‍കോട് എസ്.ഐ. രഞ്ജിത്ത് രവീന്ദ്രനും സംഘവും നടത്തിയ വാഹനപരിശോധനക്കിടെയാണ് മണല്‍കടത്ത് പിടികൂടിയത്.

പോലീസ് സ്‌റ്റേഷനില്‍ നിന്ന് ചാടിയ വാറന്റ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി

കാസര്‍കോട്: പൊലീസ് സ്‌റ്റേഷനില്‍ നിന്നു ഓടി രക്ഷപ്പെട്ട വാറന്റ് പ്രതിയെ എസ് ഐ പിന്തുടര്‍ന്നു പിടികൂടി. ഇന്നു രാവിലെ വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ഉളിയത്തടുക്ക, നാഷണല്‍ നഗറിലെ ഹനീഫയുടെ മകന്‍ ഫൈസല്‍(19) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷനിലെ ക്രൈം നമ്പര്‍179/2015 കേസില്‍ പ്രതിയാണു ഫൈസലെന്നു പൊലീസ് പറഞ്ഞു. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ക്വാര്‍ട്ടേഴ്‌സിനടുത്തുവച്ച് സിദ്ദീഖിനെ അക്രമിച്ചതാണ് കേസ്.

ഈ കേസില്‍ വാറന്റ് പ്രതിയായ ഇയാള്‍ ഇന്നു രാവിലെയാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. ഇന്നു കോടതിയില്‍ ഹാജരാക്കാനിരിക്കെ സ്‌റ്റേഷനില്‍ നിന്നു ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും എസ് ഐ അജിത്ത് കുമാറും സംഘവും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി.

കല്ലക്കട്ട മജ്മഅ് തസ്‌കിയ ക്യാമ്പ് സമാപിച്ചു

വിദ്യാനഗര്‍: കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തില്‍ ഐദറൂസിയയില്‍ എപ്രില്‍ 6 ന് ആരംഭിച്ച തസ്‌കിയ ക്യാമ്പ് ആത്മീയ സംഗമത്തോടെ സമാപിച്ചു. മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം അല്‍ ഐദറൂസി തങ്ങളുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരുവെളളൂര്‍ ഉല്‍ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി മുഖ്യ പ്രഭാഷണം നടത്തി.

അബ്ബാസ് സഖാഫി മണ്‍ട്ടമ, ഇസ്മാഈല്‍ സഅദി കര്‍ണാട്ടക, അബൂബക്കര്‍ ഹാജി ബേവിഞ്ച, അബ്ദുല്‍ ഖാദര്‍ ഹാജി ചേറൂര്‍, മഹമൂദ് മേനങ്കോട്, സി.കെ.മുഹമ്മദ് പട്ട്‌ല, സലീം കോപ്പ, സലീം കല്ലക്കട്ട, അബ്ദുല്‍ റഹ്മാന്‍ ബാപ്പലിപൊനം, സംബന്ധിച്ചു. മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും റഫീഖ് അഹ്‌സനി സുളള്യ നന്ദിയും പറഞ്ഞു. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, തൗഹീദ്, താരീഖുല്‍ ഇസ്ലാം, ഹിഫ്ള്‍, അദ്കാര്‍, ഖുര്‍ആന്‍ പരായണം ശാസ്ത്രം, എന്നീ വിഷയങ്ങളില്‍ പരീക്ഷ എഴുതിയ 80 വിദ്യാര്‍ഥിനികളില്‍ ഖദീജത്ത് റുമൈസ ചന്ദ്രം പാറ, ഖദീജത്ത് തന്‍സീല പട്ട്‌ള എന്നിവര്‍ ഒന്നാം സ്ഥാനവും ഖദീജത്ത് മുബീന നെല്ലിക്കട്ട, നൂര്‍ ജാസ്മീന്‍ ചെര്‍ക്കള രണ്ടാം സ്ഥാനവു കരസ്ഥമാക്കി. ഇവര്‍ക്കുളള അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സയ്യിദ് മുഹമ്മദ് ഇബ്രാഹീം അല്‍ ഐദറൂസി വിതരണം ചെയ്തു.

മലപ്പുറത്ത് ബസ് ബൈക്കുകളില്‍ പാഞ്ഞ് കയറി രണ്ട് മരണം

മലപ്പുറം: നിയന്ത്രണം വിട്ട സ്വകാര്യബസ് ബൈക്കുകളില്‍ പാഞ്ഞ് കയറി രണ്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ 10.30 ഓടെ കാളികാവ് അങ്ങാടിയിലാണ് അപകടം. ചുങ്കത്തറ ചീരക്കുഴി സ്വദേശി ജിനു ജോസഫ്, വാണിയമ്പലം ശാന്തി നഗറിലെ ബാബു എന്നിവരാണ് മരിച്ചത്.


ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് ഇരു ബൈക്കുകളിലുമായി ഇടിക്കുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കാളികാവ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

യുവാവിനെ വിറകുകൊള്ളി കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയ കേസ്: ഭാര്യ കുറ്റക്കാരി; ശിക്ഷ വെള്ളിയാഴ്ച വിധിക്കും

കാസര്‍കോട്: ചാമുണ്ഡിക്കുന്ന് തുമ്പോളിയിലെ യശ്വന്ത് എന്ന ഉണ്ണി കൊല്ലപ്പെട്ട കേസില്‍ ഭാര്യ പി.ആര്‍ പ്രസീത(32) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ വെള്ളിയാഴ്ച അഡീഷണല്‍ ജില്ലാ കോടതി വിധിക്കും. 

യശ്വന്ത് മദ്യലഹരിയില്‍ മര്‍ദ്ദിക്കുന്നതിനിടയില്‍ പ്രസീത വിറക് കൊള്ളി കൊണ്ട് അടിച്ചതാണ് മരണത്തിന് കാരണം. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പ്രസീതക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. 2013 ഒക്‌ടോബര്‍ 18നാണ് യശ്വന്ത് കൊല്ലപ്പെട്ടത്. 
വെള്ളരിക്കുണ്ട് സി.ഐ.യായിരുന്ന അനില്‍ കുമാറാണ് കേസ് അന്വേഷിച്ചത്‌

മായിപ്പാടിയിലെ മമ്മുഞ്ഞി നിര്യാതനായി

കാസര്‍കോട്:  മായിപ്പാടി തൈവളപ്പിലെ മമ്മുഞ്ഞി (73) നിര്യാതനായി. പഴയകാല മുസ്ലിംലീഗ് നേതാവാണ്. മായിപ്പാടി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. 
ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്ല, അബ്ബാസ്, ഹാരിസ്, അമീര്‍, ആയിഷ, ഫൗസിയ, റംല. മരുമക്കള്‍: ജമീല, സുഹറ, റിഷാന, അബ്ബാസ്, സുബൈര്‍, റഹീം.

പൂട്ടിയ ഒരു ബാറും തുറക്കില്ല: എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: പൂട്ടിയ ഒരു ബാറും തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരുകയാണ് എല്‍.ഡി.എഫിന്റെ നയം. അതില്‍ എല്ലാ കാര്യവും വ്യക്തമാണല്ലോ എന്നും മന്ത്രി ചോദിച്ചു.
മദ്യത്തിന്റെ ഉപഭോഗം കുറക്കാന്‍ അതിവിപുലമായ ബോധവത്ക്കരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. മദ്യവര്‍ജനമാണ് എല്‍.ഡി.എഫിന്റെ നയമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ എല്‍.ഡി.എഫ് രംഗത്തെത്തിയിരുന്നു. ബാര്‍ പൂട്ടിയതുകൊണ്ട് മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ലെന്നും വ്യാജമദ്യവും കള്ളവാറ്റും സംസ്ഥാനത്ത് വിപുലമാണെന്നും എല്‍.ഡി.എഫ് ആരോപിച്ചിരുന്നു.
അതേ സമയം എല്‍.ഡി.എഫ് അധികാരത്തിലെത്തുന്നതോടെ പൂട്ടിയ ബാര്‍ തുറക്കുമോ എന്ന ചോദ്യവും ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.
പൂട്ടിയ ഒരു ബാറും തുറക്കില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഘട്ടം ഘട്ടമായുള്ള മദ്യവര്‍ജനമാണ് എല്‍.ഡി.എഫിന്റെ നയമെന്നായിരുന്നു അന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നത്.
മദ്യനയത്തില്‍ യെച്ചൂരിയുടെ അഭിപ്രായമാണ് പാര്‍ട്ടിയുടേതെന്നായിരുന്നു വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടത്.

13ാം നമ്പര്‍ ഇടതുമുന്നണിക്കും പേടിയോ; മന്ത്രിമാരില്‍ ആര്‍ക്കും 13 ാം നമ്പര്‍ കാര്‍ നല്‍കിയില്ല

തിരുവനന്തപുരം: 13 എന്ന നമ്പര്‍ പൊതുവെ ഭാഗ്യമില്ലാത്ത നമ്പറാണെന്ന് പലരും പറയുന്നത്. ചിലരെങ്കിലും ഇത് വിശ്വസിക്കുന്നുമുണ്ട്. എന്നാല്‍ എല്‍.ഡി.എഫിലെ മന്ത്രിമാര്‍ക്കും അത്തരമൊരു വിശ്വാസമുണ്ടോ എന്നാണ് ഇപ്പോള്‍ സംശയം.
കാരണം ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ പ്രാധാന്യമനുസരിച്ച് ഇന്നലെ കാറുകള്‍ നല്‍കിയപ്പോള്‍  പതിമൂന്നാം നമ്പറില്‍ ആര്‍ക്കും കാറ് നല്‍കിയിട്ടില്ല. 12 ാം നമ്പര്‍ കാര്‍ കഴിഞ്ഞാല്‍ പിന്നെയുള്ള നമ്പര്‍ 14 ആണ്.
മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഒന്നാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ നല്‍കിയത്. രണ്ടാം നമ്പര്‍ സി.പി.ഐയുടെ ഇ.ചന്ദ്രശേഖരനാണ് നല്‍കിയത്.

ജനതാദള്‍ എസിന്റെ മാത്യു ടി.തോമസിനാണ് മൂന്നാം നമ്പര്‍ കാര്‍. എന്‍.സി.പിയുടെ എ.കെ.ശശീന്ദന് നാലാം നമ്പര്‍ കാറും കോണ്‍ഗ്രസ് എസിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് അഞ്ചാം നമ്പര്‍ കാറുമാണ് നല്‍കിയത്.

മറ്റു മന്ത്രിമാരും കാര്‍ നമ്പരും ഇപ്രകാരമണ് , 6 എ.കെ.ബാലന്‍, 7 ഇ.പി.ജയരാജന്‍, 8 ജി.സുധാകരന്‍, 9 കെ.കെ.ശൈലജ, 10 ടി.എം.തോമസ് ഐസക്ക്, 11 ടി.പി.രാമകൃഷ്ണന്‍, 12 വി.എസ്.സുനില്‍കുമാര്‍, 14 പി.തിലോത്തമന്‍,15 കടകംപള്ളി സുരേന്ദ്രന്‍, 16 എ.സി.മൊയ്തീന്‍, 17  ജെ.മേഴ്‌സിക്കുട്ടിയമ്മ, 18 പ്രഫ. സി.രവീന്ദ്രനാഥ്, 19 കെ.രാജു, 20 കെ.ടി.ജലീല്‍

മൂന്ന് ലിറ്റര്‍ ചാരായവുമായി നായിക്കാപ്പ് സ്വദേശി അറസ്റ്റില്‍

കുമ്പള: വീട്ടുപറമ്പില്‍ ഒളിപ്പിച്ച് വെച്ച മൂന്ന് ലിറ്റര്‍ കേരള നിര്‍മ്മിത മദ്യവുമായി നായിക്കാപ്പ് സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നായിക്കാപ്പിലെ ഗണേശ(42)നാണ് അറസ്റ്റിലായത്. 

രഹസ്യ വിവരത്തെത്തുടര്‍ന്ന് കുമ്പള എക്‌സൈസ് സംഘം ബുധനാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് വീടിന് സമീപം ഒളിപ്പിച്ച നിലയില്‍ ചാരായം കണ്ടെത്തിയത്. തുടര്‍ന്ന് നായിക്കാപ്പില്‍ വെച്ച് ഗണേശനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

17 കാരിയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചതിന് കേസ്

കാസര്‍കോട്: 17 കാരിയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ബന്ധുക്കളായ രണ്ടു സ്ത്രീകളെ മര്‍ദ്ദിച്ചുവെന്നുമുള്ള പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ദേളി കുന്നുപാറയിലെ 17 കാരിയുടെ പരാതിയില്‍ പരവനടുക്കം ശിവജി കോളനിയിലെ സുരേഷിനെതിരെയാണ് കേസ്. 

17ന് ഉച്ചയ്ക്കാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. 17കാരിയോട് അപമര്യാദയായി പെരുമാറുന്നതിനെ ചോദ്യം ചെയ്തതിന് ബന്ധുക്കളായ രണ്ടു സ്ത്രീകളെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ.

 
Copyright © 2016. Muhimmath - All Rights Reserved